ഓണക്കാലം അപ്പാടെ കയ്യിലെടുത്ത ആർ ഡി എക്സ് എന്ന കിടിലൻ ആക്ഷൻ ചിത്രത്തിൻറെ ഗംഭീര വിജയത്തിനുശേഷം വീക്കെന്റ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മാണം നിർവഹിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് ആർ ഡി എക്സിലെ പ്രധാന നായകന്മാരിൽ ഒരാളായ ആന്റണി വർഗീസ് ആണ് . ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. തമിഴിലെ ശ്രദ്ധേയ സംവിധായകരായ എസ് ആർ പ്രഭാകരൻ, ഫാന്റം പ്രവീൺ, സലിൽ – രഞ്ജിത് , പ്രശോഭ് വിജയൻ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അജിത് മാമ്പള്ളി .
ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ലഭിക്കുന്നത് മാത്രമല്ല കടൽ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നും പറയപ്പെടുന്നു. ഈ ചിത്രവും ആർ ഡി എക്സ് പോലെ തന്നെ വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ ആണ് അണിയിച്ച് ഒരുക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം വലിയൊരു താരങ്ങൾ തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. താരനിർണയം നിലവിൽ പൂർത്തിയാക്കി വരികയാണ്.
ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് റോയൽ റോബർട്ട്, സതീഷ് തോന്നക്കൽ , അജിത് മാമ്പള്ളി എന്നിവരാണ് . സാം സി എസിന്റേതാണ് ചിത്രത്തിലെ സംഗീതവും പശ്ചാത്തല സംഗീതവും. ക്യാമറ കൈകാര്യം ചെയ്യുന്നത് ജിതിൻ സ്റ്റാൻസിലോസും കലാസംവിധാനം മനു ജഗത്തുമാണ്. അമൽ ചന്ദ്രയാണ് മേക്കപ്പ്മാൻ , കോസ്റ്റ്യൂം ഡിസൈനർ – നിസാർ അഹമ്മദ്, നിർമ്മാണ നിർവഹണം – ജാവേദ് ചെമ്പ്, പി ആർ ഒ – വാഴൂർ ജോസ് എന്നിവരാണ്.
സെപ്റ്റംബർ 16നാണ് ചിത്രത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജ ചടങ്ങോടെ ഈ വമ്പൻ ചിത്രത്തിന് ആരംഭം കുറിക്കുകയായി. ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. രാമേശ്വരം, കൊല്ലം , വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായാണ് ചിത്രീകരണം പൂർത്തീകരിക്കുക.