വെട്ടി മാറ്റിയ രംഗങ്ങൾ ഉൾപ്പെടെ മൂന്ന് മണിക്കൂർ ദൈർഘ്യത്തിൽ ജവാൻ കാണാം….

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തി വമ്പൻ വിജയ കുതിപ്പിലേക്ക് മുന്നേറുകയാണ് ജവാൻ . നിലവിൽ ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷൻ 1000 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ഷാരൂഖ് ഖാന്റെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡ് ആയ പഠാന്റെ കളക്ഷൻ ജവാൻ ഭേദിക്കും എന്ന കാര്യം ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഈ ചിത്രം എത്തുമ്പോൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കാതിരുന്ന രംഗങ്ങൾ കൂടി ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

നിലവിൽ റിപ്പോർട്ടുകൾ പ്രകാരം നെറ്റ്ഫ്ലിക്സിന് ആയിരിക്കും സ്ട്രീമിംഗ് അവകാശം. വൻതുകയ്ക്ക് ജവാന്റെ ഒ ടി ടി റൈറ്റ്സ് നെറ്റ്ഫ്ളിക്സ് നേടിയിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളിലെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗങ്ങൾ ഉൾപ്പെടെയാണ് ഒടിടിയിൽ ചിത്രം സ്ട്രീം ചെയ്യുമ്പോൾ ഉണ്ടാകുക എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ ചിലത് ഒഴിവാക്കി കൊണ്ടായിരുന്നു ജവാൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. എന്നാൽ ഒ ടി ടി യിൽ ഈ രംഗങ്ങൾ കൂടി ഉൾപ്പെടുത്താനാണ് നടൻ ഷാരൂഖ് ഖാനും സംവിധായകൻ ആറ്റ്ലീയും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ ചിത്രം മൂന്ന് മണിക്കൂർ ദൈർഘ്യം ഉള്ളതായി മാറും.

ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡ് കുതിപ്പാണ് ജവാൻ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. നിർമ്മാതാക്കൾ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇതിനോടകം 907 കോടി ചിത്രം നേടി എന്നാണ്. ആയിരം കോടി കളക്ഷൻ നേടിയ ഷാരൂഖ് ഖാന്റെ പഠാൻ എന്ന ചിത്രത്തെ ജവാൻ പിന്നിലാക്കും എന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. റിലീസ് ദിനം തന്നെ 125.05 കോടി രൂപ ചിത്രം നേടിയപ്പോൾ ജവാന്റെ വിജയപുതിപ്പ് വ്യക്തമായിരുന്നു. 1050.30 കോടിയായിരുന്നു പഠാന്റെ ബോക്സ് ഓഫീസ് കളക്ഷൻ. തമിഴകത്തിന്റെ ഹിറ്റ് മേക്കർ അറ്റ്ലിയുടെ സംവിധാന മികവിൽ നിന്നുകൊണ്ടായിരുന്നു ഷാരൂഖ് ഖാൻ ഇത്തരത്തിലുള്ള വമ്പൻ വിജയം സ്വന്തമാക്കിയത്. നയൻതാര ആണ് ജവാനിലെ നായികയായി എത്തിയത്. വില്ലൻ വേഷം ചെയ്തത് തമിഴ് താരം വിജയ് സേതുപതിയാണ്.