സുരേഷ് ഗോപിക്ക് അധ്യക്ഷ പദവിയിൽ അതൃപ്തിയില്ല…. തൃശ്ശൂരിൽ വീണ്ടും സ്ഥാനാർഥി സുരേഷ് ഗോപി തന്നെ എന്ന് കെ സുരേന്ദ്രൻ….

കഴിഞ്ഞ ദിവസം ആയിരുന്നു സുരേഷ് ഗോപിയെ സത്യജിത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇതേ തുടർന്ന് പല ചർച്ചകളും ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇതേക്കുറിച്ചുള്ള വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അധ്യക്ഷ പദവി നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാർത്തകൾ തെറ്റാണെന്നാണ് സുരേന്ദ്രൻ പറയുന്നത്. മാത്രമല്ല ഇതോടൊപ്പം തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ ബിജെപി സ്ഥാനാർഥിയായി എത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.

സുരേഷ് ഗോപിയെ സത്യജിത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത നിയമനവിവരം പുറത്തുവിട്ടത് കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂറാണ്. സുരേഷ് ഗോപി എന്ന താരത്തിന്റെ പരിചയ സമ്പത്ത് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് ഉപകരിക്കും എന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഈ നിയമനം മൂന്നുവർഷത്തേക്കാണ്. എന്നാൽ ഈ വാർത്തകൾക്കൊപ്പം തന്നെ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ല  എന്ന സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഒരു മുന്നറിയിപ്പും നൽകാതെയാണ് താരത്തെ അധ്യക്ഷനാക്കിയത് എന്നാണ് വിവരം. ഇക്കാര്യത്തിൽ സുരേഷ് ഗോപി അമർക്ഷത്തിലാണ് എന്നും പറയപ്പെടുന്നു . സുരേഷ് ഗോപിക്ക് ഈ പുതിയ പദവി നൽകിയത് കരുവന്നൂരിൽ പദയാത്ര നടത്താൻ ഇരിക്കവെയാണ്. എന്നാൽ ഇക്കാര്യത്തിൽ തന്റെ പ്രതികരണം ഇതുവരെയും സുരേഷ് ഗോപി അറിയിച്ചിട്ടില്ല.

ചില വിദ്യാർത്ഥി യൂണിയനുകൾ ഇക്കാര്യത്തിൽ പ്രതിഷേധങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്. സുരേഷ് ഗോപി രാജ്യത്ത് മതേതരത്വത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരാൾ ഇതുപോലൊരു സ്ഥാപനത്തിൻറെ ഉന്നത പദവിയിൽ ഇരിക്കുന്നത് കലാപരമായ സ്വാതന്ത്ര്യത്തിലും നിഷ്പക്ഷതയിലും വിട്ടുവീഴ്ച ചെയ്തേക്കാം എന്ന ആശങ്കയാണ് വിദ്യാർത്ഥി യൂണിയനുകൾ പ്രകടിപ്പിക്കുന്നത്.