2022 ൽ പ്രദർശനത്തിന് എത്തി വാണിജ്യ വിജയം നേടിയ തെലുങ്ക് ചിത്രമാണ് ധമാക്ക. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ തെലുങ്ക് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ രവി തേജയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. ജിന്തക് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ ദിവോ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. രവി തേജയുടേയും നടി ശ്രീലീലയുടേയും കിടിലൻ ഡാൻസ് പെർഫോമൻസ് തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. ഭീംസ് സെസിറോലിയോ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹവും മങ്ലിയും ചേർന്നാണ്. കസർല ശ്യാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്.
ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബർ 23 ന് ആണ് റിലീസ് ചെയ്തത്. ഒരു ആക്ഷൻ കോമഡി പാറ്റേണിൽ ഒരുക്കിയ ഈ ചിത്രത്തിൽ രവി തേജ , ശ്രീലീല എന്നിവരെ കൂടാതെ ജയറാം , സച്ചിൻ ഖേദേക്കർ , തനിക്കെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി , അലി, പ്രവീൺ തുടങ്ങി താരങ്ങളും അണിനിരന്നു.
പീപ്പിൾ മീഡിയ ഫാക്ടറി , അഭിഷേക് അഗർവാൾ ആർട്സ് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചത് ടിജി വിശ്വപ്രസാദ്, അഭിഷേക് അഗർവാൾ എന്നിവരാണ്. പ്രസന്നകുമാർ ബെസവാഡ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കാർത്തിക് ഘട്ടമനേനി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ പ്രാവിൻ പുടി ആണ്. 40 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നൂറ് കോടിയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്.