ഒറ്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് തെന്നിന്ത്യ ഒട്ടാകെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രം ഭ്രമയുഗം. ഈയടുത്താണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. നോട്ടത്തിലും ചിരിയിലും നിഗൂഢത നിറച്ച മമ്മൂട്ടിയുടെ പോസ്റ്റർ ആയിരുന്നു അത്. ഈ ചിത്രത്തിൽ നടൻ അർജുൻ അശോകനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് . ആസിഫ് അലിക്കായിരുന്നു ഈ റോൾ ആദ്യം നൽകിയിരുന്നത്. എന്നാൽ ഷൂട്ടിംഗ് ഷെഡ്യൂളിലെ മാറ്റം കാരണം താരത്തിന് ഈ പ്രോജക്ട് കമിറ്റ് ചെയ്യാൻ സാധിച്ചില്ല. തുടർന്നാണ് അർജുൻ അശോകനിലേക്ക് അവസരം എത്തിയത്.
ഇപ്പോഴിതാ അർജുൻ മമ്മൂട്ടിയുടെ ഫസ്റ്റ് പോസ്റ്റർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ ആരാധകൻ നൽകിയ കമന്റും തിരിച്ച് അർജുൻ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറച്ചധികം വിയർക്കേണ്ടി വരുമല്ലോ അർജുനേട്ടാ എന്നാണ് ചിത്രത്തിൻറെ പോസ്റ്റർ കണ്ട് ആരാധകൻ നൽകിയ കമൻറ്. വിയർത്തു കൊണ്ടിരിക്കുകയാണ് മുത്തേ എന്നായിരുന്നു ആരാധകന് അർജുൻ നൽകിയ മറുപടി. അർജുൻ മമ്മൂക്കയ്ക്ക് ഒപ്പം ചിത്രത്തിൽ പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്.
ഹൊറർ ചിത്രമായ ഭൂതകാലത്തിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് . ഭ്രമയുഗത്തിന്റെ പ്രധാന ലൊക്കേഷൻ കൊച്ചിയും ഒറ്റപ്പാലവും ആണ് . അർജുനെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ , അമൽദ ലിസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷഹനാദ് ജലാൽ ആണ് . എഡിറ്റർ ഷെഫീഖ് മുഹമ്മദ് അലി . ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് ക്രിസ്റ്റോ സേവിയർ ആണ് . ഭ്രമയുഗത്തിന്റെ റിലീസ് മലയാളത്തോടൊപ്പം തന്നെ തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും.