ഇന്ത്യൻ സിനിമയെ ആവേശത്തിലാഴ്ത്തിയ കെ ജി എഫ് സീരിസിന് ശേഷം ഇതാ മറ്റൊരു ബ്രഹ്മാണ്ഡ കന്നഡ ചിത്രം കൂടി പ്രേക്ഷകരെ ഞെട്ടിക്കുവാൻ തയ്യാറെടുക്കുകയാണ്. പ്രശസ്ത സംവിധായകനായ ആർ ചന്ദ്രു അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൻറെ പേര് “കബ്സ” എന്നാണ്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് അഭിനയ ബാദ്ഷ കിച്ചാ സുദീപും കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും ആണ്. ഈ ചിത്രത്തിലേതായി പുറത്തിറങ്ങിയ ടീസറും രണ്ട് ഗാനങ്ങളും എല്ലാം വലിയ രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടിയത്.
അവയ്ക്ക് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. പാൽ പാൽ പല്ലാങ്കുഴി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മധുര കവി രചന നിർവഹിച്ച ഈ ഗാനം വാഗു, അരുൺ വിജയ് എന്നിവരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കെജിഎഫ് ചിത്രത്തിലെ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ സംഗീത സംവിധായകൻ രവി ബസ്റൂർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങളും ഒരുക്കിയിട്ടുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയത് ആനന്ദ് ഓഡിയോ എന്ന യൂട്യൂബ് ചാനലിലൂടെയാണ്.
ആർ ചന്ദ്രശേഖർ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രം അവതരിപ്പിക്കുന്നത് എം. ടി .ബി നാഗരാജ് ആണ് . ഒരു മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ ആയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. അധോലോകത്തിന്റെ 1947-84 കാലഘട്ടത്തിലെ കഥയുമായാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, മറാത്തി, ഒറിയ എന്നിങ്ങനെ 7 ഇന്ത്യൻ ഭാഷകളിലായാണ് കബ്സ ഒരുങ്ങുന്നത്. പീറ്റർ ഹൈയ്ൻ, രവിവർമ്മ,വിജയ്, വിക്രം മോർ , റാം ലക്ഷ്മൺ എന്നിവരെല്ലാം ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. എ ജെ ഷെട്ടി ക്യാമറ ചലിപ്പിച്ചപ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തത് മഹേഷ് റെഡ്ഡിയാണ്. ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത് ഉപേന്ദ്ര, ടാന്യ ഹോപ് എന്നിവരുടെ ഡാൻസ് പെർഫോമൻസ് തന്നെയാണ്.