ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടു താരങ്ങൾ ഏറെ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. വിവാദ പരാമർശം നടത്തിയ അലെൻസിയറും ചടങ്ങിൽ എഴുന്നേറ്റു നിന്നുകൊണ്ട് ട്രോളുകൾ ഏറ്റുവാങ്ങിയ നടൻ ഭീമൻ രഘുവും. ഈ ഇരു താരങ്ങളെയും പരിഹസിച്ച് കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് നടി രചന നാരായണൻകുട്ടി . താരത്തിന്റെ പരിഹാസം ഡിജി ആർട്സിന്റെ ഒരു കാർട്ടൂൺ പങ്കുവെച്ചു കൊണ്ടായിരുന്നു. ഈ കാർട്ടൂണിൽ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രതിമക്കൊപ്പം നടൻ രഘുവിന്റെ പ്രതിമയെയും കാണാം.
എന്തൊരു നല്ല പ്രതിമയാണ് അല്ലേ അയ്യോ പ്രതിമയല്ല പ്രതിഭ, ഡി ജി ആർട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകൾ… ഈ പ്രതിഭ മതിയാകുമോ അലൻസിയർ ലെ ലോപ്പസിന് എന്നായിരുന്നു രചനയുടെ പരിഹാസം. ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയാണ് അലൻസിയർ ഇപ്പോൾ വാർത്തകളിൽ ഇടം നേടിയത്. ചടങ്ങിൽ എഴുന്നേറ്റു നിന്നത് ആയിരുന്നു ഭീമൻ രഘുവിനെ വാർത്തകളിൽ നിറച്ചത്.
ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഭീമൻ രഘു എഴുന്നേറ്റു നിൽക്കുകയായിരുന്നു. പ്രസംഗിച്ച 15 മിനിറ്റും ഒരു ഭാവഭേദവും ഇല്ലാതെ താരം എഴുന്നേറ്റു നിന്നു . ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തെ പരിഹസിക്കുന്നതിനും ട്രോളുകൾക്കും ഇടയാക്കി. ഭീമൻ രഘു ഇതിനു നൽകിയ മറുപടി മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് താൻ എഴുന്നേറ്റു നിന്നത് എന്നും അച്ഛൻറെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നത് എന്നുമായിരുന്നു. എന്നാൽ ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തോട് , ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയതു കൊണ്ടാണോ ഇത്രയും ബഹുമാനം എന്ന് ചോദിച്ചു എന്നാൽ താരം അതിനു മറുപടി നൽകിയില്ല.