ഗുണശേഖരന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന തെലുങ്ക് ഭാഷാ ചിത്രമാണ് ശാകുന്തളം. അഭിജ്ഞാന ശാകുന്തളം എന്ന ജനപ്രിയ നാടകത്തെ ആസ്പദമാക്കിയാണ് ശാകുന്തളം അണിയിച്ചൊരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ശകുന്തളയായി വേഷമിടുന്നത് തെന്നിന്ത്യൻ താരസുന്ദരി നടി സാമന്ത റൂത്ത് പ്രഭു ആണ് . പുരു രാജവംശത്തിലെ രാജാവായ ദുഷ്യന്തനായി എത്തുന്നത് നടൻ ദേവ് മോഹനാണ്.
ഏപ്രിൽ 14ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ശാകുന്തളത്തിന്റെ മലയാളം ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ടിപ്സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രങ്ങളായ സാമന്തയുടെയും ദേവ് മോഹന്റെയും മികച്ച പ്രകടനം തന്നെയാണ് കാണാൻ സാധിക്കുന്നത്. അതിസുന്ദരിയായ ശകുന്തളയുടെയും ശക്തനായ ദുഷ്യന്തൻ രാജാവിന്റെയും മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുന്നത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ദേവ്മോഹൻ . ഇവരെ കൂടാതെ സച്ചിൻ ഖേദേക്കർ , മോഹൻ ബാബു, അതിഥി ബാലൻ, അനന്യ നാഗല്ല, പ്രകാശ് രാജ് , ഗൗതമി, മധു, കബീർ ബേദി, ഹരീഷ് ഉത്തമൻ , സുബ്ബരാജു തുടങ്ങി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് സംവിധായകൻ ഗുണ ശേഖർ തന്നെയാണ്. ശേഖർ വി ജോസഫ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രാവിൻ പുടി ആണ് . മണി ശർമയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗുണ ടീം വർക്ക്സ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് നീലിമ ഗുണ ആണ് .